District News
നെന്മാറ: നെല്ലിയാമ്പതി ചുരം പാതയിൽ ബ്രേക്ക് നഷ്ടപ്പെട്ട് തേക്കിൻതോട്ടത്തിലേക്ക് ഇടിച്ചിറങ്ങിയ കെഎസ്ആർടിസിബസ് രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ക്രെയിനുകളുടെ സഹായത്തോടെ ഉയർത്തി. ഇന്നലെ രാവിലെയോടെയാണ് ബസ് റോഡിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്.
അപകടത്തെ തുടർന്ന് റോഡിന് താഴെയുള്ള തേക്കിൻതോട്ടത്തിൽ കുടുങ്ങിക്കിടന്ന ബസ് പുറത്തെടുക്കാൻ രണ്ട് ഹെവി ക്രെയിനുകളാണ് ഉപയോഗിച്ചത്. തേക്കുകൾക്കിടയിൽ ബസ് കുടുങ്ങിക്കിടന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായ മരങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നു. തുടർന്ന് ക്രെയിനുകളിൽ വടംകെട്ടി അതീവ ജാഗ്രതയോടെ ബസ് മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ ചുരം പാതയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ബസിന്റെ സാങ്കേതിക തകരാറുകളെക്കുറിച്ചും അപകടകാരണത്തെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പയ്യന്നൂര്‍: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ദേശീയപാതയില്‍ പുതിയങ്കാവിനും കോത്തായിമുക്കിനും ഇടയിലായിരുന്നു അപകടം.
കാസര്‍ഗോഡ് ഭാഗത്തു നിന്നും വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
District News
നേമം: പാപ്പനംകോട് ഡിപ്പോയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ ആറിനു നഗരത്തിലേയ്ക്ക് പുറപ്പെട്ട ഇലക്ട്രിക്ക് ബസ് ലോട്ടറി കടയിലേയ്ക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്.
കരമന-കളിയിക്കാവിള റോഡില്‍ പാപ്പനംകോട് ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചു തകര്‍ത്താണ് ബസ് ലക്ഷ്മി ലക്കി സെൻഖറിലേക്ക് ഇടിച്ചുകയറിയത്. ലോട്ടറി കടയിലെ ജീവനക്കാരന് നെയ്യാറ്റിന്‍കര സ്വദേശി സുദര്ശനന് (64) , ബസ് ഡ്രൈവര്‍ ശാന്തിലാല്‍ (45), കണ്ടക്ടർ ജയശ്രീ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബസിനകത്തുണ്ടായ വീഴ്ചയിലാണ് കണ്ടക്ടര്‍ക്കു പരിക്കേറ്റത്. അപകടസ്ഥലത്തിനു സമീപം പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ പാമാംകോട് സ്വദേശി ഉദയന്‍ കഷ്ടിച്ചാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. അപകട സമയത്ത് അതുവഴി കടന്നുപോയ ബൈക്ക് യാത്രികനും കഷ്ടിച്ചാണു രക്ഷപ്പെട്ടത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടറും ബസിനടിയില്‍പ്പെട്ട് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുനില കെട്ടിടത്തിന്റെ മുന്‍ഭാഗവും ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. ബസില്‍ യാത്രക്കാർ ആരുമില്ലാതിരുന്നതു വലിയ അപകടം ഒഴിവാക്കി. കെഎസ്ആര്‍ടിസിയിലെ വര്‍ക്ഷോപ്പ് വാഹനം കൊണ്ടുവന്നുകെട്ടി വലിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനത്തെ സംഭവ സ്ഥലത്തുനിന്നു മാറ്റിയത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിപ്പോയില്‍നിന്നും ബസ് അമിത വേഗത്തിലാണ് റോഡിലേയ്ക്ക് പ്രവേശിച്ചതെന്നു ദൃസാക്ഷികള്‍ പറഞ്ഞു. കരമന പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ 2.50ഓടെയായിരുന്നു സംഭവം.
ബസ് മോഷണം പോയത് അറിഞ്ഞതോടെ ജീവനക്കാര്‍ പാലക്കാട് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ജീവനക്കാര്‍ പിന്തുടര്‍ന്നെത്തുന്നത് കണ്ട് ബസ് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
ഡിപ്പോയിൽനിന്നും ഒരു കിലോമീറ്റർ അപ്പുറത്തുള്ള മംഗളം ടവറിന് സമീപത്ത് നിന്നാണ് പുലർച്ചെ അഞ്ചോടെ ബസ് കണ്ടെത്തിയത്. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
Kerala
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. മാങ്കാവിലാണ് സംഭവം. യുവാവിന്റെ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ രാത്രി ഒന്നിനാണ് സംഭവം. ബസിൽ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്.
സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
District News
താമരശേരി: ദേശീയപാതയിൽ കാരാടിയിൽ നിയന്ത്രണംവിട്ട ഒമ്നി വാൻ കെഎസ്ആർടിസി ബസിൽ ഇടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു.
വാനിലുണ്ടായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, മക്കളായ മുഹമ്മദ് അജ്നാൻ, മുഹമ്മദ് സഫ്വാൻ, കെഎസ്ആർടിസി യാത്രക്കാരായ ഈങ്ങാപ്പുഴ സ്വദേശി ഹരികൃഷ്ണ, താമരശേരി സ്വദേശി രസിത, മാവൂർ സ്വദേശി അബ്ദുൽ സലാം, അമ്പായത്തോട് സ്വദേശി സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് വരികയായിരുന്ന വാൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ വലതു വശത്ത് ഇടിക്കുകയായിരുന്നു.
വാനിൽ ഉണ്ടായിരുന്നവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാൻ ഡ്രൈവറായ മുഹമ്മദ് നൗഷാദിന്റെ പരിക്ക് സാരമുള്ളതാണ്. വാൻ വെട്ടിപൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. താമരശേരി പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Kerala
പാലക്കാട്: അന്തർസംസ്ഥാന ബസ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ വാളയാറിൽ വെച്ച് എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശികളായ കെനസ് ജോൺ (മൂവാറ്റുപുഴ), ജിതിൻ കെ.എസ് (കുമ്പളം) എന്നിവരാണ് 16 കിലോ കഞ്ചാവുമായി പിടിയിലായത്.
ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി ബസ് വഴിയാണ് ഇവർ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചത്. ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിയിലായവർ എറണാകുളത്തെ ലഹരി വിൽപന സംഘത്തിലെ പ്രധാനികളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ചു നൽകുന്നവരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ ചെക്ക് പോസ്റ്റ് വഴി ലഹരി കടത്തുന്നത് തടയാൻ എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തേക്ക് പുറത്തുനിന്ന് ട്രെയിൻ വഴിയും ബസ് വഴിയും ലഹരിമരുന്നുകൾ വൻതോതിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് അതിർത്തിയിൽ കർശനമായ നിരീക്ഷണം തുടരുകയാണ്.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം വെമ്പായം കൊപ്പത്തുണ്ടായ അപകടത്തിൽ കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി. അപകടത്തെത്തുടർന്ന് മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കോട്ടയം: എസ്എച്ച് മൗണ്ടിൽ കെഎസ്ആർടി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 11നുണ്ടായ അപകടത്തിൽ പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്ന് ഊട്ടിയിലേക്കുപോയ കെഎസ്ആർടി ബസും കോട്ടയത്തേക്ക് കോഴിയുമായി വന്ന പിക് അപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മുന്നിൽ പോയ പോലീസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. പത്തനംതിട്ട അടൂരിൽവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ മൂന്നു പോലീസുകാരെയും രണ്ട് പ്രതികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് തൊട്ടു മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലിടിച്ചു.അപകടത്തിൽ കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിബുരാജിന്റെ കൈ ഒടിഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു.
പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരായ മുഹമ്മദ് റസാഖ്, സുജിത് എന്നിവരും രണ്ട് പ്രതികളും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗത കുരുക്കുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ക്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. നെടുമങ്ങാട് ഏണിക്കരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്രെയിൻ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ക്രെയിനിന്റെ നീളമുള്ള മുൻവശത്തെ ഭാഗം കെഎസ്ആർടിസി ബസിന്റെ ഗ്ലാസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് ക്രെയിൻ മറിയുകയായിരുന്നു.
അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസിൽ നിന്നും രോഗിയായ യുവതിയെ നടുറോട്ടിൽ ഇറക്കി വിട്ടുവെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.
വെള്ളറട സ്വദേശി ദിവ്യ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ആശുപത്രിയിൽ പോയി വരവേ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു.
ഡിപ്പോയിൽ കാത്തുനിൽക്കുന്ന ഭർത്താവ് പണം നൽകുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി ഒൻപതോടെ കണ്ടക്ടർ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയിൽ പറയുന്നു.
സുഖമില്ലാത്ത തന്നെ ഭർത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി ജീവനക്കാർ തന്നെ ഇറക്കിവിട്ടതെന്നും യുവതി പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബസിൽ കയറിയ പിരപ്പൻകോട് സ്വദേശിനി അനന്തലക്ഷ്മിയാണ് (23) കുഴഞ്ഞുവീണത്.
യുവതിയും അമ്മയും തുടർചികിത്സയ്ക്കായി ആയുർവേദ കോളജിലേക്ക് പോകുകയായിരുന്നു. മണ്ണന്തല ഭാഗത്തുവച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
മറ്റു വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം യുവതിയെ ബസിൽത്തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.